മിക്ക പെൺകുട്ടികളുടെയും ഉള്ളിലുണ്ട് അദൃശ്യമായ ആ പാവാട....വൈറൽ ആയി യുവതിയുടെ കുറിപ്പ്
ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം
എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ടതും മറക്കാൻ കഴിയാത്തതുമായ ഒരു സന്ദർഭം ആയിരുന്നു അത്.സംഭവം നടക്കുന്നത് ഞങ്ങളുടെ എട്ടാം ക്ലാസ്സിലെ ആർട്സ് ക്ലാസ് സമയത്തും.ചിത്രകാരികളൊന്നും അല്ലെങ്കിലും കളർ പെന്സില് വെച്ച് കളിയ്ക്കാൻ ഇഷ്ടമായിരുന്നു എല്ലാർക്കും.അതാണ് ആർട്സ് ക്ലാസ് ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടത് ആയത്.ആവശ്യമായ എന്തും ക്ലാസ്സിൽ തന്നെ ഉണ്ടായിരുന്നു.എല്ലാം ആർട്സിന്റെ സാർ സ്വന്തം കാശിനു വാങ്ങിവെച്ചിട്ടുള്ളവ ആയിരുന്നു.ഞങ്ങളൊക്കെ നിലത്തിരുന്നു ആയിരുന്നു പടം വരക്കുന്നത്.സാർ വേറൊരിടത്തിരുന്നു വരക്കും.
തറയിൽ ഇരുന്നു വരക്കുന്നതിനിടയിൽ അറിയാതെ നിലത്തേക്ക് കിടന്നൊക്കെ പോകാറുണ്ട് .വരയിൽ മുഴുകി അങ്ങനെ കമിഴ്ന്ന് കിടന്നു കാല് മടക്കി പൊക്കി വച്ച് വരച്ച് കൊണ്ടിരിക്കുന്ന സമയത്തു മുട്ടറ്റം മാത്രം ഇറക്കമുള്ള യൂണിഫോം പാവാട പൊങ്ങിക്കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചില്ല (ആ ചെറുപ്രായത്തിൽ ശരീരത്തെക്കുറിച്ചു അധികം ബോധവതി അല്ലാതിരുന്നതിനാൽ ഒരുപാട് ഉല്ലസിച്ചിരുന്നു) ആർട്ട് ക്ലാസ് കഴിയാറായപ്പോൾ വരച്ച പേപ്പറുകൾ തിരികെ കൊടുക്കാൻ പോയ കൂട്ടുകാരികളിൽ ചിലർ എന്നെ വന്ന് പിച്ചി പാവാട താഴ്ത്തിട്ട് സ്വകാര്യം പറഞ്ഞു, 'സാർ എന്റെയീ കിടന്നുള്ള വര സ്കെച്ച് ചെയ്യുന്നുവെന്ന്'!!! ഭയങ്കര അത്ഭുതവും സന്തോഷവുമാണ് തോന്നിയത്! ബെല്ലടിക്കാൻ നേരം ഓടിച്ചെന്ന് (മിക്കപ്പോഴും ഞാൻ ഏറ്റവും അവസാനമേ വർക്കുകൾ തീർത്തിരുന്നുള്ളൂ) എന്റെയും വർക്ക് സബ്മിറ്റ് ചെയ്യുമ്പോൾ പാളി നോക്കി, ശരിയാണ്! പുള്ളി സ്കെച്ച് ചെയ്തിരിക്കുന്നു! ഇരുന്നു വരക്കാരായ കുട്ടികളുടെ നടുവിലെ ഒരു കിടന്നു വരക്കാരിയെ! എനിക്ക് സ്വയം എന്നെപ്പറ്റി എന്തോ പ്രത്യേകതയൊക്കെ തോന്നി! ഭയങ്കര ഉല്ലാസത്തിൽ ക്ലാസിൽ ചെന്നു! അപ്പോഴുണ്ട് പെൺകുട്ടികൾ മിക്കവരും കുശുകുശുക്കുന്നു! അന്നെനിക്ക് അടുത്ത ചില കൂട്ടുകാരികൾ കുറേ ഉപദേശം തന്നു, പരിസരബോധം ഉണ്ടായിരിക്കേണ്ടതിനെപ്പറ്റി, പെൺകുട്ടികൾ ഇരിക്കേണ്ട രീതിയെപ്പറ്റി, ഞാൻ പെണ്ണാണെന്ന വസ്തുതയെപ്പറ്റി, മൊത്തത്തിൽ എന്റെ സ്വഭാവവും രീതികളും മാറേണ്ടുന്നതിന്റെ ആവശ്യകതയെപ്പറ്റി! ഞാൻ അമ്പേ തളർന്നു പോയി!
ആ പ്രായത്തിൽ നമ്മൾ ചെയ്ത എന്തിനെക്കുറിച്ചെങ്കിലും നമ്മുടെ ചുറ്റുമുള്ളവർ മോശമായി നമ്മളോട് പറയുമ്പോൾ അത് എങ്ങനെ വേണം നേരിടാൻ എന്നുപോലും അറിയില്ലായിരുന്നു. സാർ എന്നെ വരയ്ക്കാൻ കാരണമാകുന്ന വിധം ഞാൻ പെരുമാറിയത് വളരെ അധികം തെറ്റായിപ്പോയി എന്ന കുറ്റബോധം ഉടലെടുത്തു.ഞാൻ ഭയപ്പെട്ടു, ലജ്ജിച്ചു, നിശബ്ദയായി..പിന്നീടൊരിക്കലും ഞാൻ കിടന്നു വരച്ചില്ല.. പിന്നീട് അങ്ങോട്ട് ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴുമെല്ലാം പൊങ്ങിക്കേറുന്ന പാവാടയെക്കുറിച്ചു ഓർത്തു ശ്രദ്ധയോടെ മുതിർന്നുപോയി.
എത്ര വർഷങ്ങൾ കഴിഞ്ഞു! എന്തെല്ലാം വായിച്ചു, പഠിച്ചു, ചെയ്തുകൂട്ടി! എന്നാൽപ്പോലും ഫ്രീയായിട്ടു നടക്കാൻ കഴിയുന്ന സ്ഥലങ്ങളിൽ പോലും അന്നത്തെ നിഷ്കളങ്കത കൈമോശം വന്ന കുട്ടിയായി ഒതുങ്ങിപ്പോകുന്ന വല്ലാത്തൊരു അവസ്ഥയുടെ തടവിലാണ് ഇപ്പോഴും ഞാൻ...എന്റെ ഉള്ളിൽ ഉള്ള ആ അദൃശ്യമായ ഒരു പാവാട ചുരുണ്ടു കയറി നില്പുണ്ടെന്ന തോന്നൽ മൂലം ചിലപ്പോഴെങ്കിലും പരിഭ്രമത്തിൽ ഉൾവലിയേണ്ടി വരുന്ന ഒരുവൾ!
Leave a Comment