പെൺകുട്ടികൾ സ്വന്തമായി കുറച്ചു പൈസ, സ്വരൂപിച്ചു മാറ്റി വയ്ക്കണം


"പെൺകുട്ടികൾ സ്വന്തമായി കുറച്ചു പൈസ, സ്വരൂപിച്ചു മാറ്റി വയ്ക്കണം, എല്ലാത്തിനും ഭർത്താവിനെ ആശ്രയിക്കരുത്"

"അതെന്താ, 'പുത്രി' ച്ചേച്ചീ അങ്ങിനെ പറഞ്ഞത്. അദ്ദേഹത്തിനു നല്ല ജോലി ഉണ്ടല്ലോ?"

"എടീ.... അതേ........ നമ്മൾ  സ്വന്തം കാലിൽ നിൽക്കാൻ പഠിക്കണം, എന്റെ അത്യാവശ്യം കാര്യങ്ങൾ ഒക്കെ ഞാനാണ് നോക്കുന്നത്, പശുക്കൾ രണ്ടുണ്ട്. അതിന്റെ പാൽക്കാശ് മതി എന്റെ അത്യാവശ്യങ്ങൾ നടക്കാൻ."

"അറിയുന്ന തൊഴിൽ ചെയ്യണം, മോളേ....... അതിൽ അഭിമാന പ്രശ്നം ഒന്നും നോക്കേണ്ട കാര്യം ഇല്ല."

പണ്ടൊക്കെ വീട്ടിൽ കല്യാണം കഴിഞ്ഞു, ബന്ധുക്കളോ, അച്ഛന്റെയോ അമ്മയുടേയോ സുഹൃത്തുക്കളോ ഒക്കെ വിരുന്നിനു വരും. അച്ഛനും വിരുന്നിനു വന്ന പുരുഷനും കൂടി ഉമ്മറത്തിരിക്കും.

അന്നൊന്നും, വലിയ ആൾക്കാർ സംസാരിക്കുന്നിടത്തു കുട്ടികൾ നിന്നു കൂടാ, ഞാൻ അടുക്കളയിൽ ഇരിക്കും. അമ്മയുടെ (അമ്മയുടെ പേര് സാവിത്രി എന്നാണെങ്കിലും, അടുപ്പം ഉള്ളവർ പുത്രിച്ചേച്ചി എന്നാണ് വിളിക്കുന്നത്) സംസാരം കേട്ടുകൊണ്ട്. അടുക്കളയിൽ കുട്ടികൾ ഇരിക്കുന്നതിനു പ്രശ്നം ഇല്ല.

അമ്മ ഇതേ പോലെ എത്ര പേരോട് പറഞ്ഞിട്ടുണ്ട് എന്നൊന്നും ഓർമ്മയില്ല.

പക്ഷെ ഇത് പലപ്പോഴും പലരോടും, പല അവസരങ്ങളിലും പറയുന്നത് കേട്ടിട്ടുണ്ട്.

അമ്മ സ്വന്തമായി പൈസ കരുതി വയ്ക്കാൻ തുടങ്ങാൻ ഒരു കാരണം ഉണ്ട്.

അച്ഛനാണ് വീട്ടിലെ വരവു ചിലവ് നോക്കിയിരുന്നത്. അമ്മയ്ക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ അച്ഛനോട് പൈസ ചോദിക്കണം. അപ്പോൾ അച്ഛന്റെ മുഖം കറുക്കും.

വീട്ടിൽ ചെറുപ്പത്തിൽ ഒക്കെ അച്ഛനും അമ്മയും തമ്മിൽ ഉണ്ടായിട്ടുള്ള ചെറിയ ചെറിയ വഴക്കുകളും, പിണക്കങ്ങളും   എല്ലാം പൈസയെ സംബന്ധിച്ചായിരുന്നു.

അച്ഛനെയും കുറ്റം പറയാൻ പറ്റില്ല, അന്നത്തെ തുച്ഛമായ വരുമാനത്തിൽ വീട്ടുകാര്യങ്ങൾ നടത്തുമ്പോൾ ചിലപ്പോളൊക്കെ കയ്യിൽ ഇല്ലാതിരുന്നിട്ടായിരിക്കണം അമ്മയോട് മുഷിഞ്ഞു പറയേണ്ടി വന്നത്.

അമ്മ യാണെങ്കിൽ അങ്ങേയറ്റത്തെ അഭിമാനി, അങ്ങിനെയാണ്, അമ്മ തനിയെ വരുമാന മാർഗ്ഗം കണ്ടെത്താൻ തുടങ്ങിയത്.

ഒരു ചെറിയ പശു ക്കിടാവിൽ തുടങ്ങി, മൂന്നും നാലും പശുക്കൾ വരെ ആയി.

അമ്മയുടെ ഇഷ്ടമുള്ള സാരി വാങ്ങാനും, മാലയും, വളയും വാങ്ങാനും ഒക്കെ ആ പൈസയാണ് ഉപയോഗിച്ചിരുന്നത്.

അച്ഛൻ അതിന്റെ കണക്ക് ഒരിക്കലും ചോദിച്ചിരുന്നില്ല. അത് അമ്മയുടെ മാത്രം അവകാശം.

ഈ അനുഭവം ഉള്ളതു കൊണ്ട്, അമ്മയെ അറിയുന്ന സ്ത്രീകളോടൊക്കെ അമ്മ ഉപദേശിക്കുമായിരുന്നു, സ്ത്രീകൾ സ്വയം പര്യാപ്തമാകണം, ഭർത്താവിനെ പൈസയ്ക്കായി ആശ്രയിക്കരുത് എന്ന്.

ഇപ്പോളും കാണും ഇങ്ങനെ പൈസയ്ക്കു വേണ്ടി ഭർത്താവിന്റെ മുൻപിൽ കൈ നീട്ടേണ്ടി വരുന്ന ഹത ഭാഗ്യകളായ സ്ത്രീകൾ.

അടിമകളെ പ്പോലെ അടങ്ങി ഒതുങ്ങി ജീവിക്കുന്നവരും  ഉണ്ടാവാം.

എന്താണ് ചെയ്യേണ്ടിയത് എന്ന് ആലോചിച്ചു വിഷമിക്കുന്നവർ കാണും. അവർക്കായുള്ളതാണ് ഈ പോസ്റ്റ്.

സ്നേഹം ഉള്ള ഭർത്താവു ആണെങ്കിൽ പോലും, ഒരു പ്രാവശ്യം മുഷിഞ്ഞു സംസാരിച്ചാലുണ്ടാവുന്ന മാനസിക സംഘർഷം ആലോചിക്കാവുന്നതല്ലാ ഉള്ളൂ?

സ്വന്തമായി പൈസ ചിലവാക്കാൻ സ്വാതന്ത്ര്യം ഇല്ലാത്ത ഈ ഒരു അവസ്ഥ എന്തൊരു വേദനാ ജനകം ആണ്?

"വീട്ടു ജോലിയൊക്കെ നോക്കി, കുട്ടികളുടെ കാര്യവും നോക്കി  ഇവിടെ ഇരുന്നാൽ പോരെ. ഞാൻ സമ്പാദിക്കുന്നില്ലേ?"

എന്നൊക്കെ ചോദിക്കുന്നത് പുരുഷന്റെ ഈഗോ ആണെന്നാണ് എന്റെ അഭിപ്രായം.

തന്റെ വരുതിയിൽ നിൽക്കാനായി പുരുഷൻ പ്രയോഗിക്കുന്ന സൂത്രം.

അപ്പോൾ എന്താ ചെയ്യാൻ പറ്റുക?

സ്വന്തമായി ജോലി ചെയ്തു ആവശ്യ സാധനങ്ങൾക്കുള്ള പൈസ ഉണ്ടാക്കുക.

 എങ്ങിനെയാണ് സ്വന്തമായി ജോലി ചെയ്യുന്നത്?

നിങ്ങൾ പഠിപ്പുള്ള ആളാണെങ്കിൽ ആ മേഖലയിൽ കണ്ടെത്താൻ പറ്റുന്ന ജോലികൾ നോക്കാം. കുറെ നാളായി ജോലി ഇല്ലാതെ ഇരിക്കുക ആണെങ്കിൽ വേണ്ട ട്രെയിനിങ് ഒക്കെ എടുത്ത് പതിയെ ജോലിയിലേക്ക് വരാം. പുതിയ തൊഴിൽ മേഖലകൾ അന്വേഷിക്കാം.


സർക്കാർ സ്വകര്യ മേഖലകളിൽ ജോലി കിട്ടാനുള്ള പഠിപ്പ് ഇല്ലാത്തവർ എന്തു ചെയ്യും?

അമ്മ ചെയ്തതു പോലെ പശുക്കളെ വളർത്താൻ ഇന്നത്തെ തലമുറയിൽ പെട്ടവർക്ക് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാവാം. ചെറിയ ബിസിനസ് സംരംഭങ്ങളോ, സ്വന്തമായി ജോലി ചെയ്യാനുള്ള ഉദ്യമങ്ങളോ  (തയ്യൽക്കട) ആകാമല്ലോ? അല്ലെങ്കിൽ തയ്യൽ പഠിച്ചു വീട്ടിൽ തന്നെ ഇരുന്നു ജോലി ചെയ്യാം. ഇറങ്ങിത്തിരിച്ചാൽ പല പല അവസരങ്ങൾ കണ്ടെത്താം.

അപ്പോൾ എന്താണ് ആദ്യം ചെയ്യുക.


ഒരു സാദ്ധ്യത പഠനം (feasibility study) നടത്തുക ആണ് ചെയ്യേണ്ടത്. അതായത് നിങ്ങളുടെ product (ഉല്പ്പന്നം), അല്ലെങ്കിൽ Service (സേവനം) തുടങ്ങിയാൽ വിജയിക്കുമോ എന്ന് കണ്ടെത്താനുള്ള പഠനമാണ് സാദ്ധ്യത പഠനം (feasibility study).

എന്തൊക്കെയാണ് സാദ്ധ്യത പഠനം (feasibility study) ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്?

[ഇനി പറയാൻ പോകുന്ന കഥ ഒരിക്കൽ പറഞ്ഞതാണ്, ഈ അവസരത്തിൽ വളരെ പ്രധാനപ്പെട്ടത് ആയതു കൊണ്ട് ഒന്നു കൂടി പറയാം].

അച്ഛൻ പണ്ടു പറഞ്ഞ ഒരു കഥയാണ്.

   1960 കളിൽ ആണ്, അന്ന് കറുകച്ചാലിൽ ഒരു സിനിമ തിയേറ്റർ (മോഡേൺ) മാത്രമേ ഉള്ളൂ.

അന്നൊന്നും സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്ത കാലം ആണ്. സിനിമ  തീർന്നു കഴിയുമ്പോൾ,  ഒരു ചേട്ടൻ

“ചൂട്ടു കറ്റ'..... 'ചൂട്ടു  കറ്റ'....”  എന്നു വിളിച്ചു കൊണ്ട് നില്ക്കും.

പണ്ടൊക്കെ ടോർച്ച് ലൈ റ്റിന് പകരം രാത്രിയിൽ യാത്ര ചെയ്യുമ്പോൾ നാട്ടിൻ പുറത്തൊക്കെ വെളിച്ചം കാണാൻ 'ചൂട്ടു  കറ്റ'  (ഉണങ്ങിയ തെങ്ങോല കൂട്ടി കെട്ടിയത്)  കത്തിച്ച് ആയിരുന്നു പോയിരുന്നത് .

സിനിമക്ക് പോകുമ്പോൾ ആർക്കും 'ചൂട്ടു  കറ്റ' യുമായി തിയേറ്ററിൽ  പോകാൻ പറ്റില്ലല്ലോ. തരിച്ചു  പോകുമ്പോൾ വഴി നടന്നു പോകാൻ 'ചൂട്ടു  കറ്റ' വേണം താനും.

ഇതിന്റെ വിപണ സാധ്യത കണ്ട ഒരു ചേട്ടൻ ആണ്  'ചൂട്ടു  കറ്റ' ബിസിനസ് തുടങ്ങിയത്. അതായത് ഈ ചേട്ടൻ 'ചൂട്ടു  കറ്റ' എന്ന product ൻറെ  അപര്യാപ്തത യും, അതിൻറെ ആവശ്യവും  നിര്ണ്ണയിക്കുന്നതിൽ  (determining the needs and wants of target market) വിജയിച്ചു എന്നു വേണം കരുതാൻ. നമ്മൾ തുടങ്ങുന്ന സംരംഭം, needs and wants of target market , നിറവേറ്റുന്നതാണോ എന്ന് നോക്കണം). പിന്നെ ഉള്ളത്.

മൂന്നു  കാര്യങ്ങൾ ആണ് ശ്രദ്ധിക്കാനുള്ളത് customer needs (ഉപഭോക്താവിൻറെ  ആവശ്യം എന്താണ്),  target market  (ഏതു  തരത്തിലുള്ള ആൾക്കാർക്ക്  ആണ് നമ്മളുടെ ഉല്പ്പന്നം അല്ലെങ്കിൽ സേവനം ആവശ്യം ഉള്ളത്),  profitability (ഇതിൽ നിന്നും ലാഭം എത്ര മാത്രം ഉണ്ടാവും). അടുത്ത സ്റ്റെപ് 'മാർക്കറ്റിംങ്ങി ൽ '4P' എന്നു  പറയും (ഇതിനെ marketing-mix എന്നു  പറയും).

1. Product (ഉല്പ്പന്നം അല്ലെങ്കിൽ സേവനം)
എന്തു ഉല്പ്പന്നം അല്ലെങ്കിൽ സേവനം ആണ് നമ്മൾ വിൽക്കാൻ ഉദ്ധേശി ക്കുന്നത്? അതിനെ കുറിച്ച് കൃത്യമായ ധാരണ വേണം. ഉദാഹരണത്തിന് തയ്യൽക്കട അല്ലെങ്കിൽ ബ്യൂട്ടി പാർലർ ആണെങ്കിൽ അത് എങ്ങിനെ ആയിരിക്കണം, അതിനുള്ള ആസ്തിയുണ്ടോ? അല്ലെങ്കിൽ ആസ്തി എങ്ങിനെ ഉണ്ടാക്കാം. ലോൺ എടുത്താൽ തിരിച്ചു അടയ്ക്കാൻ പറ്റുമോ? ഇങ്ങനെയുള്ള കാര്യങ്ങൾ.

2.   Price (വില)
എത്ര വില ഈടാക്കിയാൽ കസ്റ്റമർ വങ്ങും. നമ്മളുടെ മുടക്കു മുതലും വില്ക്കുന്ന വിലയും കഴിഞ്ഞു ലാഭം ഉണ്ടായിരിക്കണം. ഉദാഹരണത്തിന് ഒരു ചുരിദാർ തയ്ച്ചാൽ എത്ര രൂപാ ഈടാക്കാം? ഇതിനായി മറ്റുള്ളവർ ഇതേ സാധനത്തിനു വാങ്ങുന്ന പൈസയെ ക്കുറിച്ചും ഒരു ധാരണ വേണം.

3. Promotion (Product  നെ പറ്റി പ്രചരിപ്പിക്കുക/ മറ്റുള്ളവരെ അറിയിക്കുക).
ഇതിനായി പ്ലാനുകൾ ഉണ്ടാക്കണം. നോട്ടീസ് അടിപ്പിച്ചോ, നേരിട്ടു പറഞ്ഞോ, സോഷ്യൽ മീഡിയ വഴി ഒക്കെ ആകാം  പ്രചരണം (Promotion).

4. Place for distribution (വിതരണം ചെയ്യുന്ന സ്ഥലം)
നമ്മളുടെ പ്രോഡക്റ്റ് എവിടെ നിന്ന് വിതരണം ചെയ്താലാണ്, പരമാവധി വിലക്കാൻ പറ്റുന്നത്? എത്ര rent കൊടുക്കേണ്ടി വരും. ഏറ്റവും ഉചിതമായ സ്ഥലം കണ്ടെത്തണം. ഉദാഹരണത്തിന് അരി ആട്ടുന്ന മില്ല്, വാടക യും അവശ്യം ഉള്ള സ്ഥലത്തിന്റെ പരിമിതിയും കാരണം ടൌൺ ന്റെ മധ്യത്തിൽ ഉള്ള കട മുറിയിൽ നടത്തുന്നത് ഉചിതം അല്ലല്ലോ.

എങ്ങിനെയാണ് ലോൺ കിട്ടുന്നത്?

സംസ്ഥാന ഗവണ്മെന്റിന്റെ The Kerala State Women’s Development Corporation (KSWDC) സ്ത്രീകൾക്കായി ഒരുക്കിയിട്ടുള്ള പ്രത്യേകം പദ്ധതികൾ ഉണ്ട്. അഞ്ചു മുതൽ ആറു ശതമാനം പലിശയ്ക്ക് 5,000  രൂപ മുതൽ 10 ലക്ഷം രൂപ വരെ ലോൺ കിട്ടും.  പല തരത്തിൽ ഉള്ള ലോണുകളെ ക്കുറിച്ച് അറിയാൻ ഇവിടെ നോക്കുക http://www.kswdc.org/loan-scheme/ നോക്കുക.

കൂടാതെ കേന്ദ്ര ഗവണ്മെന്റ് ഉം SBI യും ചേർന്നു നടത്തുന്ന സ്ത്രീ സംരംഭകർക്കായുള്ള സ്ത്രീശക്തി എന്ന പേരിലുള്ള ലോണിനെക്കുറിച്ച് ഇവിടെ അറിയാം.  https://www.indiafilings.com/learn/stree-shakti-package-women-entrepreneurs/ രണ്ടു ലക്ഷം മുതൽ 25 ലക്ഷം വരെ ലോൺ കിട്ടും.

നിങ്ങളുടെ അടുത്തുള്ള SBI യിൽ നിന്നും കൂടുതൽ വിവരങ്ങൾ കിട്ടും.

Bhartiya Mahila Bank ൽ നിന്നും ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്യാനായി 50,000 രൂപവരെ ലോൺ കിട്ടും. സ്ത്രീ സംരംഭകർക്കായുള്ള പലതരം ലോണുകളും അതിന്റെ വിവരങ്ങളും ഇവിടെ വായിക്കാം https://www.paisabazaar.com/business-loan/articles/4651-five-leading-business-loan-options-for-women-entrepreneurs/

ഇതല്ലാതെ, നിങ്ങളുടെ അടുത്തുള്ള വനിതാ സഹകരണ സംഘങ്ങളുമായി ഒന്നു സംസാരിച്ചു നോക്കൂ പലതരം ലോണിനുള്ള സാദ്ധ്യതകൾ അവർ പറഞ്ഞു തരും.

ഒന്നു ശ്രമിച്ചു നോക്കൂ, ചിലപ്പോൾ ഭാവിയിലെ വലിയ പേരുകേട്ട ഒരു സംരഭം ആകും നിങ്ങളുടെ.

സ്വന്തം പ്രയത്നത്തിലൂടെ കോടീശ്വരി ആയ ആഫ്രിക്കൻ അമേരിക്കൻ സംരംഭക  Madam C.J. Walker (Sarah Breedlove) പറഞ്ഞത്
 “I am a woman who came from the cotton fields of the South. From there I was promoted to the washtub. From there I was promoted to the cook kitchen. And from there I promoted myself into the business of manufacturing hair goods and preparations….I have built my own factory on my own ground.” – Madam C.J. Walker (Sarah Breedlove).

ശ്രമിച്ചാൽ നിങ്ങൾക്കും പറ്റിയേക്കും  കേരളത്തിലെ ഒരു Madam C.J. Walker (Sarah Breedlove) ആയി മാറാൻ.

ഇനി അത്രയും പറ്റി ഇല്ലെങ്കിലും സ്വന്തം കാര്യങ്ങൾ നോക്കാനും, കുട്ടികളുടെ ഇഷ്ടങ്ങൾ സാധിക്കാനും നിങ്ങളുടെ ജോലി കൊണ്ട് സാധിച്ചേക്കാം.

ഒന്ന് ശ്രമിച്ചു നോക്കൂ. ഒൻപതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള  എന്റെ 'അമ്മ ശ്രമിച്ചു വിജയിച്ചതാണ്. നിങ്ങൾക്കും പറ്റും, ഉറപ്പ്.

 ഒരു കാര്യം കൂടി പറയട്ടെ നല്ല ലാഭകരം ആണ്  എന്ന് തോന്നിയാൽ  എന്ത് ബിസിനസും ചെയ്യാനുള്ള  മനസാന്നിധ്യം ഉണ്ടായിരിക്കണം. എന്നാലെ വിജയം ഉണ്ടാവൂ.  'ഇതെന്റെ നിലക്കും വിലക്കും ഒക്കെ പറ്റിയതാണോ' എന്ന് ആലോ ചിച്ചു സമയം പാഴാക്കല്ലേ. എല്ലാ ബിസിനസ്സുകൾക്കും അതിന്റേതായ മാന്യത ഉണ്ട്. അല്ലെങ്കിൽ പണം ആ മാന്യത കൊണ്ടുവന്നു തരും.

IIM ൽ  MBA  ചെയ്തിട്ട് ഇഡ്ഡലി ബിസിനസ് ചെയ്യുന്ന ശരത് ബാബു വിനെ കുറിച്ച് കേട്ടിട്ടില്ലേ? ഇന്ന് ശരത് ബാബു വിൻറെ  ഇഡ്ഡലി ബിസിനസ് കോടികളുടെ ആസ്തി  ഉള്ളതാണ്.

No comments

ആ ബന്ധത്തിൽ നിന്നും അതിജീവനം ,ഇപ്പോൾ ലോകമറിയുന്ന യൂട്യൂബർ..

ഞങ്ങളുടെ സ്വന്തം വീണ ചേച്ചി അങ്ങനെയേ വീണയെക്കുറിച്ചു ചോദിച്ചാൽ ഏതൊരു വീട്ടമ്മയും പറഞ്ഞു തുടങ്ങു,അത്രക്കും പ്രിയപ്പെട്ടവളും അവരുടെ കുടും...

Theme images by merrymoonmary. Powered by Blogger.