എല്ലാ അച്ഛന്മാർക്കുമായി ഒരു മകളുടെ ഹൃദയംതൊട്ട കുറിപ്പ്..!!


ജൂൺ16 ഫാദേർസ് ഡേ... അപ്പനെ കുറിച്ച് മാത്രം ഒന്ന് കുറിക്കുവാൻ തോന്നി ❤️🧔😊

            അച്ഛന്മാർക്ക് പെൺമക്കളോടുള്ള ഒരിത്തിരി സ്നേഹം കൂടുതൽ എല്ലാ തലമുറയിലും കണ്ടുവരാറുള്ള കാഴ്ചയാണ്. എന്റെ അപ്പനും അങ്ങനെ തന്നെയായിരുന്നു. അതിനെതിരെയുള്ള പ്രതിഷേധമായി ചേട്ടൻ പല്ലു കടിച്ചു മുറുമുറുക്കുന്നെ കേട്ടാൽ വീട്ടിലെ വളർത്തുനായ വരെ പേടിച്ചോടുമായിരുന്നു.
'അവൾക്ക് അത് വേണമെന്നു പറഞ്ഞാൽ അങ്ങ് വാങ്ങി കൊടുത്തേക്കണം, അവൾക്ക് അങ്ങനെ ആഗ്രഹം ഉണ്ടെങ്കിൽ അങ്ങ് സമ്മതിച്ചേക്കണം' എന്നൊക്കെ പറയുന്ന അപ്പനിലാണ് ഞാൻ ആദ്യത്തെ ഫെമിനിസ്റ്റ് നെ കണ്ടത്.
                  എന്നാൽ തൊട്ടടുത്ത നിമിഷം തന്നെ സ്വീകരണ മുറിയിലെ സോഫയിൽ ഇരുന്നു ടി വി കാണുന്ന അപ്പൻ തൊട്ടു മുൻപിലെ ടീപ്പോയിൽ ഇരിക്കുന്ന ടി വി റിമോട്ട് എടുക്കാൻ അടുക്കളയിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന അമ്മയെ വിളിക്കുന്നത് കാണുമ്പോൾ തോന്നും,
                    ''ഏഹ്... അപ്പൻ ഒരു ആൺ ഷോവനിസ്റ് ആണോ?!!!''
"ഒരു പുരുഷനിൽ തന്നെ രണ്ടു പ്രതിഭാസങ്ങൾ"
                 രണ്ടാമത്തെ മകളെ ഗർഭിണി ആയിരിക്കുന്ന സമയം, നാട്ടിലെത്തിയ ഞാൻ അടുക്കളയിൽ അമ്മയെ സഹായിക്കുവാനായി കറിക്കുള്ള പച്ചക്കറി അരിയുന്നത് കാണുമ്പോൾ,
                 'നീ ഇതെന്തോന്നാ ഈ കാണിക്കുന്നേ?? കൈ മുറിക്കാതെ അവിടെയെങ്ങാനം വെച്ചിട്ടു പോയെ...'
എന്ന് പറയുന്നത് കേൾക്കുമ്പോൾ എനിക്ക് ചിരി വരും.
                 ¨ഓ........ഞാൻ  ഇപ്പോൾ കൊച്ചുകുട്ടി ഒന്നുമല്ലപ്പാ... അവിടെ ഇതൊക്കെ ഞാൻ പതിവായി ചെയ്യുന്ന കാര്യങ്ങൾ തന്നെയാണ് ''
            ''ആ........ അവിടെ നീ എന്താണെന്നു വെച്ചാൽ ആയിക്കോ... ഇവിടെ ഇതിന്റെ ആവശ്യമില്ല"
അപ്പന്റെ ഈ വാക്കുകൾ കേൾക്കുമ്പോൾ തൊട്ടടുത്തിരുന്നു തേങ്ങ ചിരകിക്കൊണ്ടിരിക്കുന്ന അമ്മ ചിരകൽ നിർത്തി മൂക്കത്തു വിരൽ വെയ്ക്കും.
           "ശ്ശെടാ!! ഇങ്ങേരന്റെ മുൻപിലൂടെ അല്ലെ ഞാൻ രണ്ടെണ്ണത്തിനെ വയറ്റിൽ ചുമന്നോണ്ട് നടന്നത്!!"

             എന്തെങ്കിലും അത്യാവശ്യത്തിന് അമ്മ രാവിലെ ടൗണിൽ പോകുന്ന ദിവസങ്ങളിൽ, ഉച്ചഭക്ഷണത്തിന്റെ സമയം ആകുമ്പോൾ  അപ്പൻ അടുക്കളയിൽ കയറി പ്ലേറ്റിൽ  ചോറ് വിളമ്പി എന്റെ കൈയ്യിൽ നൽകിയിട്ടു,

'എനിക്ക് വിശപ്പില്ലെടി കൊച്ചെ' എന്നും പറഞ്ഞു ടി വി യും ഓൺ ആക്കി വീണ്ടും സോഫയിൽ പോയി കിടക്കും.

അടുത്ത നിമിഷം തന്നെ വെയിലും കൊണ്ട് ക്ഷീണിച്ചു വരുന്ന അമ്മയോട് 'എടിയേ വിശക്കുന്നെടി' എന്നും പറഞ്ഞു ബഹളം തുടങ്ങും.
ഉടുത്തിരുന്ന വസ്ത്രം പോലും മാറാതെ നേരെ അടുക്കളയിൽ കയറി  അമ്മ വിളമ്പി കൊടുക്കുന്ന ചോറ് കഴിക്കുന്ന അപ്പനെ കാണുമ്പോൾ ഞാൻ ആലോചിക്കും,

                'എന്തൊക്കെ ആചാരങ്ങൾ ആണോ... എന്തോ...!!'

നമ്മുടെ ചുറ്റിനും കാണുന്ന ഏറെക്കുറെ എല്ലാ അച്ഛന്മാരും ഇങ്ങനെയൊക്കെ തന്നെയാണ്. ഒട്ടും കുറയ്ക്കാതെ ആൺ ഷോവനിസം ഭാര്യയിലും അല്പം ഗൗരവം മകനിലും കട്ട ഫെമിനിസം പെൺമക്കളിലും ഉപയോഗിക്കുന്നവർ.
അമ്മയ്ക്ക് മകനോടുള്ള സ്നേഹക്കൂടുതലിൽ ഞാൻ പരാതിപ്പെടുമ്പോഴും, അപ്പന് തന്നോടുള്ള സ്നേഹക്കൂടുതലിനെ ഒരു  അഹങ്കാരമായി തന്നെ ഞാൻ കൂടെ കൊണ്ടുനടന്നു.

പഠനത്തിൽ അപ്പൻ ഒരിക്കലും ഞങ്ങളിൽ മേൽ സമ്മർദ്ദം ചെലുത്തിയിട്ടില്ല, ഇഷ്ടമുള്ളത് പഠിക്കുവാനും തിരഞ്ഞെടുക്കുവാനും സ്വാതന്ത്ര്യം നൽകി. സന്തോഷങ്ങളിലും സങ്കടങ്ങളിലും മക്കളെ മാറ്റി നിർത്താതെ ചേർത്ത് നിർത്തി ഒന്നിച്ചു പങ്കിട്ടു. കുട്ടികൾ ആണെങ്കിലും വ്യക്തികൾ ആണെന്ന തിരിച്ചറിവിൽ അഭിപ്രായം പറയുവാനും തുറന്നു സംസാരിക്കുവാനും പ്രേരിപ്പിച്ചു. ശുഭാപ്തി വിശ്വാസത്തോടെ ജീവിക്കുവാൻ പഠിപ്പിച്ചു. തല്ലാതെയും മക്കളെ വളർത്താമെന്ന് കാണിച്ചു തന്നു. ´നല്ല മനുഷ്യരായി വളരേണം´ എന്ന ´ഒറ്റവാക്കിൽ´ ഉപദേശം മാത്രം നൽകി വളർത്തി.
                            ഒരിക്കൽ സാമ്പത്തികമായി വളരെയധികം മുൻപിൽ നിൽക്കുന്ന പയ്യന്റെ വിവാഹാലോചനയുമായി, ´ഡിമാന്റുകളില്ല, പെൺകുട്ടിയെ മതി´എന്ന്  പറഞ്ഞ ആളിനോട്
¨എന്റെ മകൾ ഒരു കോടീശ്വരന്റെ ഭാര്യ ആയിരിക്കണമെന്നല്ല, ഏത് സാഹചര്യത്തിലും അവളോടൊപ്പം നിൽക്കുന്ന ഒരു സാധാരണക്കാരന്റെ ഭാര്യയായി കണ്ടാൽ മതി¨ എന്ന് മറുപടി പറഞ്ഞ അപ്പൻ എന്റെ അഭിമാനമാണ്.

കുട്ടിക്കാലം മുതൽക്കേ എല്ലാ ദിവസവും രാവിലെ പാതി മയക്കത്തിൽ തന്നെ, അപ്പൻ സമ്മാനിച്ച റേഡിയോ ഓൺ ചെയ്തു ഉച്ചത്തിൽ പാട്ടു വെച്ച്‌ വീട്ടുകാരെയും അയൽക്കാരെയും ശല്യം ചെയ്താണ് എന്റെ ഓരോ ദിവസവും ആരംഭിച്ചിരുന്നത്. പരസ്പരം സംസാരിക്കുന്നതു പോലും കേൾക്കുവാൻ കഴിയില്ലെന്നും പറഞ്ഞുള്ള അമ്മയുടെ ചീത്ത പറച്ചിലിലൊന്നും എന്റെ ദിനചര്യയിൽ ഒരു മാറ്റവും വരുത്തിയില്ല. എന്നാൽ വിവാഹം ശേഷം ഭർത്തൃ വീട്ടിലേക്ക് പോയി കഴിഞ്ഞ് പിന്നീടുള്ള ദിവസങ്ങളിൽ ആ ജോലി അപ്പൻ സ്വയം ഏറ്റെടുത്തിട്ടുണ്ടെടി എന്ന് ചേട്ടൻ പറഞ്ഞപ്പോൾ, എന്റെ ശീലത്തെ അപ്പന് നഷ്ടബോധമായി തോന്നിയിട്ടുണ്ടാകും എന്ന് എന്റെ മനസ്സ് പറഞ്ഞു.

ജന്മം കൊടുത്ത സ്വന്തം അമ്മയോടും ജന്മം നൽകിയ സ്വന്തം മകളോടും അപ്പൻ ഒരിക്കലും പിണങ്ങിയിട്ടില്ല. ഒരു നല്ല മകന്   തീർച്ചയായും ഒരു നല്ല അച്ഛനും ആകുവാൻ സാധിക്കും.

അക്ഷരങ്ങൾ കൂട്ടിച്ചേർത്തു എഴുതുവാൻ പഠിച്ചനാൾ മുതൽ ഡയറിയിൽ അനുഭവക്കുറിപ്പുകൾ എഴുതിയിടണമെന്ന്  ആവശ്യപ്പെട്ടത് അപ്പനാണ്. അതിനോടൊപ്പം അപ്പന് എഴുതി അയയ്ക്കാറുള്ള മാസത്തിൽ രണ്ടോ മൂന്നോ കത്തുകളും...
മക്കളുടെ ബാല്യവും കൗമാരവും അമ്മമാർ നേരിട്ടുള്ള അനുഭവജീവിതത്തിലൂടെ ഓർമ്മകളിൽ സൂക്ഷിക്കുമ്പോൾ അച്ഛന്മാരുടെ ഓർമ്മകൾ പലപ്പോഴും ഇത്തരം കുറിപ്പുകളിലൂടെയും കേട്ടുകേൾവിയിലൂടെയും മാത്രം ചുരുങ്ങി പോകുന്നു.....

 പെൺമക്കൾ ഉള്ള അച്ഛന്മാരോട്,
"നിങ്ങൾ നിങ്ങളുടെ പെൺമക്കളെ ഇങ്ങനെ നെഞ്ചോടു ചേർത്തു നിർത്തണം, അവർ നിങ്ങളെ ഹൃദയത്തിൽ അങ്ങ് പ്രതിഷ്‌ഠിക്കും. അവരുടെ കണ്ണുകൾ നിറയേണ്ടി വന്നാലും നിങ്ങളുടെ കണ്ണുകൾ നിറയുവാൻ അവർ ഒരിക്കലും അനുവദിക്കില്ല"

                                                             Click Here To Read..

No comments

ആ ബന്ധത്തിൽ നിന്നും അതിജീവനം ,ഇപ്പോൾ ലോകമറിയുന്ന യൂട്യൂബർ..

ഞങ്ങളുടെ സ്വന്തം വീണ ചേച്ചി അങ്ങനെയേ വീണയെക്കുറിച്ചു ചോദിച്ചാൽ ഏതൊരു വീട്ടമ്മയും പറഞ്ഞു തുടങ്ങു,അത്രക്കും പ്രിയപ്പെട്ടവളും അവരുടെ കുടും...

Theme images by merrymoonmary. Powered by Blogger.