നഴ്സുമാരുടെ ജീവിതം തുറന്നുകാണിച്ചുകൊണ്ട് യുവതിയുടെ ഫേസ്ബുക് പോസ്റ്റ് !!!

നഴ്സുമാരുടെ ജീവിതം തുറന്നുകാണിച്ചുകൊണ്ട് യുവതിയുടെ ഫേസ്ബുക് പോസ്റ്റ് ,പൂർണരൂപം വായിക്കാം :
കുട്ടികള് തമ്മിൽ ഏറ്റോം സ്നേഹം ഉണ്ടാവുന്നതെപ്പോളെന്നറിയുമോ? രണ്ടു പേരിൽ ഒരാൾക്ക് പനിയോ ചുമയോ വരുമ്പോൾ. അതും വരെയും "മൈ പെന്സില്' , 'മൈ സീറ്റ്' എന്നൊക്കെ പറഞ്ഞു തല്ലുകൂടി ടോം ആൻഡ് ജെറിയെ പോലെ നിക്കുന്ന പിള്ളേര് അസുഖമായാൽ ഭയങ്കര സ്നേഹത്തിലാവും. 'അവനു പനിയാ കൊച്ചെ, നിനക്കും കൂടി പിടിക്കും' എന്ന് നമ്മൾ പറയുന്നതിന് പുല്ലു വില. ഒടുക്കം എങ്ങനെയെങ്കിലും പനി കിട്ടി കിടപ്പിലാകുമ്പോൾ ആണ് അമ്മയെന്ന റോളിൽ നമ്മളിങ്ങനെ അന്തിച്ചിരുന്നു പോകുന്നത്!
കഴിഞ്ഞയാഴ്ച പാലി നാട്ടിലേക്ക് വണ്ടി കേറിയതും ഇവിടെ സാവന് പനി തുടങ്ങി. രണ്ടു ദിവസത്തിനുള്ളിൽ ഗാമിയും പനിക്കിടക്കയിൽ.(വീട്ടിൽ ഒറ്റയ്ക്കാവുമ്പോ കുട്ടികൾക്ക് അസുഖം വരുന്ന ഈ പ്രത്യേക പ്രതിഭാസത്തിന്റെ പേര് അറിയാവുന്നവർ ഒന്ന് പറഞ്ഞു തരണേ ...)
പകൽ മുഴുവനും ക്ഷീണിച്ചിരുന്ന ഗാമിക്ക് രാത്രിയായപ്പോൾ തീരെ വയ്യാതായി. എന്തായാലും ഭക്ഷണമോ വെള്ളമോ ഒന്നും കഴിക്കാതെയിരിക്കുന്ന മകളെ ഇനിയും വീട്ടിലിരുത്തിയാൽ ശരിയാവില്ല എന്ന് മനസ്സിലായി വേഗം ഹോസ്പിറ്റലിലേക്ക് ഓടി. പ്രതീക്ഷിച്ച പോലെ ഡോക്ടർ നല്ലൊരു കട്ടില് ചൂണ്ടിക്കാണിച്ചു, എന്നെ സമാധാനിപ്പിച്ചു, "ചെറിയൊരു viral ഇൻഫെക്‌ഷനാണ് , ആന്റിബിയോട്ടിക്‌സ് ഒന്നും വേണ്ട, പതിയെ ശരിയായിക്കോളും...". അങ്ങനെ കരച്ചിലിനിടയിലും ഡ്രിപ് ഇട്ട ഗാമിയുടെ കയ്യിൽ ടീവീ റിമോട്ട് കൊടുത്ത് , സാവനും ഞാനും ഹോസ്പിറ്റൽ കസേരയിൽ അഡ്ജസ്റ്റ് ചെയ്തിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ സാവനും ഉറങ്ങി. എന്റെ കുട്ടികൾക്ക് ഒരു പ്രത്യേക സ്വഭാവമുണ്ട്, പകല് പറയാൻ സമയം കിട്ടാത്ത കഥകളൊക്കെ രാത്രിയിൽ വിളിച്ചു പറയും. ഗാമി ഫസ്റ്റ് ഡയലോഗിട്ടു , "അച്ഛാ , കം , ലെറ്റ്'സ് പ്ലേ.."ഉറക്കത്തിലും സാവന്റെ വക റിപ്ലൈ വന്നു , " നോ അച്ഛാ , നമുക്ക് സിനിമ കാണാം."ഗാമിക്ക് വേണ്ടി ആദ്യം വന്ന ഫിലിപ്പീൻസുകാരി നഴ്‌സ് ഡ്യൂട്ടി കഴിഞ്ഞു പോയപ്പോൾ, പകരം എത്തിയ മലയാളി ചേച്ചി ഓടി വന്നു, " എന്താ വയ്യെന്നാണോ പറഞ്ഞത് ?" അല്ലെന്നും ,കുട്ടികൾക്ക് ഇത് സ്ഥിരം കലാപരിപാടിയാണെന്നും ഞാൻ. ചേച്ചിക്ക് ചിരി , എനിക്ക് നാണക്കേട് !
ഒബ്സർവേഷനിൽ കിടക്കുന്ന ഏഴോ എട്ടോ കുട്ടികളുടെ കരിച്ചിലും, പരിഭവങ്ങളും ഇടയ്ക്കിടെ കേൾക്കുന്നത് കൊണ്ടാവും അന്ന് ഉറക്കം എന്നൊരു തോന്നൽ പോലും എനിക്ക് ഇല്ലാതായത്. മോൾടെ ദേഹം തുടച്ചും മരുന്ന് കൊടുത്തുമൊക്കെ കുറേ സമയം ഒപ്പം നിന്നപ്പോൾ സ്വാഭാവികമായും ഒന്ന് കൂട്ടാവുമല്ലോ. നാട്ടിലെ ചൂടും പെരുന്നാളിന്റെ വിശേഷങ്ങളുമൊക്കെ പറയുന്ന ഒരു പാവം നഴ്‌സ് ചേച്ചി. ആ രാത്രിയിൽ ഒരു പത്തു മിനിട്ടു പോലും ഒരിടത്തിരുന്നു കണ്ടില്ല, അറിയാതെ പോലുമൊന്ന് ഉറക്കം തൂങ്ങാതെ, പരിഭവങ്ങളില്ലാതെ പുലർച്ചെ അഞ്ചു മണി വരെ അവർ ഓടി നടന്നു. ഒടുക്കം ഞങ്ങൾ വീട്ടിലേക്കു പോവാൻ തയ്യാറെടുക്കുന്നതിനിടയിൽ അവരും ഉടൻ തന്നെ ഇറങ്ങുമെന്ന് പറഞ്ഞു. കുട്ടികൾക്ക് സ്‌കൂളിൽ പോണം , അതിനു മുൻപ് ഓടി ചെന്ന് തലേന്ന് രാത്രി ഡ്യൂട്ടിക്ക് വരുന്നതിനു മുൻപേ ഉണ്ടാക്കി വെച്ച ഭക്ഷണമെല്ലാം എടുത്തു ചൂടാക്കി, കഴിപ്പിച്ചും പാക്ക് ചെയ്തും വിടണമത്രേ. "അപ്പോ വീട്ടില് ചേട്ടനില്ലേ? ചേട്ടൻ food ചൂടാക്കികൊടുക്കില്ലേ ?" അത്രയെങ്കിലും ചോദിക്കാതിരിക്കാൻ ആവില്ലല്ലോ.
"അയ്യോ ചേട്ടനതൊന്നും ചെയ്യില്ലെന്നേ..."ചേച്ചിയാപ്പറഞ്ഞതും ചിരിച്ചോണ്ട് തന്നെയാ, പരിഭവിച്ചോ സങ്കടപ്പെട്ടോ അത് പറഞ്ഞെങ്കിൽ എനിക്കൊരിത്തിരി ആശ്വാസമുണ്ടായേനേ...
ആദ്യമായൊന്നുമല്ല നഴ്‌സ് ജീവിതങ്ങളുടെ നേർക്കാഴ്ചകൾ സങ്കടപ്പെടുത്തുന്നത്. ഓർമ്മ വെച്ച കാലം മുതൽ പാലായിലെ ഓരോ വീട്ടിലും ഇതുപോലുള്ള ഒരാൾ എങ്കിലും ഉണ്ടായിട്ടുണ്ട്. മറ്റു ജില്ലക്കാരിൽ നിന്നും , ' ഓ നിങ്ങള് പാലാപ്പെണ്ണുങ്ങള് കാശുണ്ടാക്കാൻ മിടുക്കികളല്ലേ ? എല്ലാരും നഴ്‌സുമാരായി വിദേശത്തോട്ടു പോക്കല്ലേ?" എന്ന പരിഹാസവും കുശുമ്പും നിറഞ്ഞ സ്റ്റേറ്റ്മെന്റുകൾ പലതവണ പലയിടങ്ങളിൽ നിന്നും കേട്ടിട്ടുണ്ട്. അതിനുള്ള ഉത്തരം ആദ്യം തന്നെ പറയാം, ആ ജോലിയുടെ മഹത്വം മാത്രമല്ല, സാമ്പത്തിക സുക്ഷിതത്വം കൂടിയാണ് മിക്ക പെൺകുട്ടികളെയും നഴ്സാവാൻ പ്രേരിപ്പിക്കുന്നത്. PSC എഴുതി കാത്തിരിക്കാനുള്ള ക്ഷമയോ, എഞ്ചിനീയറിംഗ് പോലുള്ള പ്രൊഫഷണൽ കോഴ്‌സുകൾ ചെയ്യാനുള്ള സാമ്പത്തികശേഷിയോ ഇല്ലാത്ത സാധാരണ കുടുംബങ്ങളിൽ നിന്നുമുള്ള പെണ്കുട്ടികളുമുണ്ട്. പക്ഷെ അവരുടെ ആ തീരുമാനത്തിന് പിന്നിൽ ജീവിതകാലം മുഴുവനും സ്വന്തം കാലിൽ നിൽക്കുമെന്നും, കുടുംബത്തിന് തണലാവുമെന്നൊരു നിശ്ചയദാർഢ്യമുണ്ട്. അവർക്ക് അപ്പന്റെ കാശു കൊണ്ട് കല്യാണം കഴിക്കാമെന്നും, കെട്ട്യോന്റെ കാശു കൊണ്ട് ജീവിക്കാം എന്നുമുള്ള concept അല്ല ഉള്ളത്. ആയതിനാൽ പതിനെട്ടു വയസ്സ് മുതലുള്ള അവരുടെ കഷ്ടപ്പാടിനുള്ള പ്രതിഫലമാണ് വിദേശങ്ങളിലെ ഉയർന്ന ശമ്പളവും, സുരക്ഷിതത്വവും.അതിലിത്രയ്ക്കു കുറച്ചു കാണാൻ മാത്രം ഒന്നുമില്ല, കൂടുതലായി ഒരുപാടുണ്ടുതാനും.
എന്നാലും പുറമേന്നു കാണുന്ന ആ 'ഭാഗ്യ'ജീവിതങ്ങളുടെ അത്ര ഭംഗിയില്ലാത്ത ചില അകക്കഥകളുണ്ട്. വീടിന്റെ ലോൺ അടയ്ക്കാൻ വേണ്ടി ആഴ്ചയിലെ അഞ്ചു ദിവസവും നൈറ്റ് ഡ്യുട്ടി ചെയ്യേണ്ടി വരുന്നതും ഭർത്താവിന്റെ പെങ്ങളുടെ മോൾടെ കല്യാണം നടത്താൻ ഒരു വർഷത്തെ മുഴുവൻ സമ്പാദ്യവും പെറുക്കി കൊടുക്കേണ്ടി വരുന്നതും അവയിൽ ചിലതു മാത്രമാണ്. മൈനസ് 2 തണുപ്പിൽ രാത്രി ഡ്യുട്ടി കഴിഞ്ഞു തിരിച്ചെത്തുമ്പോൾ ജോലിക്കു പോവാതെ വീട്ടിൽ ഇരിക്കുന്ന കെട്ട്യോൻ കള്ളും കുടിച്ചു ശർദ്ധിച്ചു വൃത്തികേടാക്കിയ ലിവിങ് റൂം കഴുകി തുടച്ചു , വേഗം ഭക്ഷണം ഉണ്ടാക്കി ,കുട്ടികളെയും കൊണ്ട് സ്‌കൂളിലേക്ക് ഓടുന്നത് കണ്ടിട്ട് ,(ഏറെ പ്രിയപ്പെട്ട ഒരാളോട്) , "എന്തിനാ അങ്ങേരെ ഇങ്ങനെ സഹിക്കുന്നത് ?" എന്ന് ചോദിച്ചിട്ടുണ്ട്. " കാശുള്ള പെണ്ണിനെ കിട്ടിയതിന്റെ കുഴപ്പമാ ഇതെല്ലം എന്നാ അയാൾടെ 'അമ്മ പറയുന്നത്. വല്ലതും പറഞ്ഞാൽ അത് വഴക്കവും, വഴക്കിടുന്നത് എന്റെ കാശിന്റെ അഹങ്കാരമാ എന്നാ അയാള് പറയുന്നത് " ചേച്ചി കൂടുതലൊന്നും പറയാതെ അങ്ങ് നിർത്തി. നന്നായെന്ന് എനിക്കും തോന്നി, ഒരാള് കരയുന്നതു കണ്ടാൽ സ്ഥലവും സമയവുമൊന്നും നോക്കാതെ കൂടെ കരയുന്നതാണ് ശീലം.
വിദ്യാഭാസത്തിനു തക്ക ജോലി കിട്ടിയില്ലെന്ന പരിഭവം പറഞ്ഞു വർഷങ്ങളോളം ഒരു പണിക്കും പോവാതെ, വീട്ടിൽ തിരിച്ചെത്തുന്ന ഭാര്യയോട് എന്റെ ജീവിതം നശിപ്പിച്ചു എന്ന് പറഞ്ഞു വഴക്കിടുന്ന കെട്ട്യോന്മാരെ മാത്രമല്ല, സ്വന്തം ഭാര്യ ജോലി കഴിഞ്ഞെത്തുമ്പോ ബ്രേക്ഫാസ്റ്റ് ഉണ്ടാക്കിക്കൊടുത്തു, കുട്ടികളുടെ സകല കാര്യങ്ങളും നല്ല അസ്സലായി നോക്കി, സംതൃപ്തിയോടെ ജീവിക്കുന്നവരെയും കാണാം. കുട്ടികൾ വലുതാവുന്ന വരെ,നല്ല ശമ്പളം കിട്ടുന്ന ആൾ ജോലി ചെയ്യട്ടെ എന്നാ സിംപിൾ ലോജിക്കിൽ ഇല്ലാതാവുന്ന ആൺ-അഹങ്കാരത്തോളം സമാധാനം നൽകുന്ന ഒന്നും ആ വീട്ടിലുണ്ടായിരുന്നില്ല.
പക്ഷെ അതിനിടയിലും 'ചേട്ടന് അടുക്കളേൽ കേറുന്ന ശീലമൊന്നുമില്ല' ,'ഞാൻ ഓടി ചെന്നില്ലേൽ അങ്ങേരു ഭക്ഷണം പോലും എടുത്തു കഴിക്കില്ല' എന്നാ മധുരസ്നേഹത്തിന്റെ സ്റ്റിക്കറൊട്ടിച്ച ഡയലോഗ് കേൾക്കുമ്പോ ഓടിപ്പോയി ശ്വാസം വിടാതെ പണിയെടുക്കുന്ന പ്രിയപ്പെട്ട ചേച്ചിമാർ ഒന്ന് കൂടൊന്നു ചിന്തിച്ചു നോക്കൂ, അത്ര നിഷ്കളങ്കമൊന്നുമല്ല സ്നേഹമയിയായ ഭർത്താവിന്റെ പരിഭവം .
അവനവന്റെ ജീവിതത്തിലെ സന്തോഷിക്കാനുള്ള, വിശ്രമിക്കാനുള്ള, നന്നായി ഉറങ്ങാനും ഭക്ഷണം കഴിക്കാനുമുള്ള അവസരങ്ങൾ നഷ്ടപ്പെടുത്താതിരിക്കൂ.'എനിക്ക് ശേഷം പ്രളയം ' എന്നതൊരു വെറും ബോറൻ സങ്കൽപം മാത്രമാണ്. അദ്ധ്വാനിക്കാൻ വേണ്ടി മാത്രമല്ല, ചിരിക്കാനും ആകാശം കാണാനും മുടിയഴിച്ചിട്ടു പാട്ട് കേൾക്കാനും നൃത്തം വയ്ക്കാനും കൂടിയുള്ളതല്ലേ നമ്മുടെ ജീവിതം, നമ്മളില്ലെങ്കിൽ പിന്നെ നമുക്ക് വേറെ ആരാ ഉള്ളത് ?സ്വയമൊന്നു സ്നേഹിക്കെന്നേ, ആ കവിളിലൊരു ചുവപ്പും കണ്ണിലൊരു തിളക്കോം ഒക്കെ വരട്ടെന്നേ, ബാക്കിയൊക്കെ വരുന്ന പോലെ കാണാന്നേ...ഉമ്മകൾ 

No comments

ആ ബന്ധത്തിൽ നിന്നും അതിജീവനം ,ഇപ്പോൾ ലോകമറിയുന്ന യൂട്യൂബർ..

ഞങ്ങളുടെ സ്വന്തം വീണ ചേച്ചി അങ്ങനെയേ വീണയെക്കുറിച്ചു ചോദിച്ചാൽ ഏതൊരു വീട്ടമ്മയും പറഞ്ഞു തുടങ്ങു,അത്രക്കും പ്രിയപ്പെട്ടവളും അവരുടെ കുടും...

Theme images by merrymoonmary. Powered by Blogger.